മെയ് 1 മുതൽ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുമായി സ്ലീപ്പർ, എസി കോച്ചുകളിൽ കയറാൻ പാടില്ല: ഇന്ത്യൻ റെയിൽവേയുടെ പുതി
ന്യൂഡൽഹി: സ്ലീപ്പർ, എസി കോച്ചുകളിൽ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുമായി കയറുന്നതിനുള്ള അനുമതി ഇനി ഒഴിവാകുന്നു. മെയ് ഒന്നുമുതൽ പുതിയ വ്യവസ്ഥ പ്രാബല്യത്തിൽ വരുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. കൺഫേം ടിക്കറ്റുള്ളവരുടെ യാത്രാനുഭവം മെച്ചപ്പെടുത്താൻ വേണ്ടിയാണ് തീരുമാനം. ഇതുവരെ കൗണ്ടറിൽ നിന്ന് വാങ്ങിയ വെയിറ്റിങ് ടിക്കറ്റുകൾ ഉപയോഗിച്ച് സ്ലീപ്പർ, എസി കോച്ചുകളിൽ യാത്ര ചെയ്യുന്നവരുണ്ട്. എന്നാൽ ഇനി മുതൽ ഇവരെ ജനറൽ കോച്ചിൽ മാത്രം യാത്ര ചെയ്യാൻ അനുവദിക്കും. ഐആര്‍സിടിസി വഴി ഓൺലൈനിൽ ബുക്ക് ചെയ്ത വെയിറ്റിങ് ടിക്കറ്റുകൾ കൺഫേം ആകാത്ത പക്ഷം യാത്രയ്ക്ക് മുമ്പ് ഓട്ടോമാറ്റിക്കായി റദ്ദാക്കപ്പെടും, ടിക്കറ്റ് വില ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് തിരിച്ചെത്തും. എന്നാൽ കൗണ്ടർ വഴി വാങ്ങിയ വെയിറ്റിങ് ടിക്കറ്റുകൾ ഉപയോഗിച്ച് അനധികൃതമായി സ്ലീപ്പർ, എസി കോച്ചുകളിൽ കയറുന്നത് കൺഫേം ടിക്കറ്റുള്ളവർക്കുള്ള ബുദ്ധിമുട്ടുകൾക്ക് കാരണമാകുന്നു. നിലവിലെ പുതിയ വ്യവസ്ഥ പ്രകാരം, ഒരു യാത്രക്കാരന് വെയിറ്റിങ് ടിക്കറ്റോടെ സ്ലീപ്പർ അല്ലെങ്കിൽ എസി കോച്ചിൽ കണ്ടുപിടിക്കപ്പെട്ടാൽ, പിഴ ചുമത്താനും ജനറൽ കോച്ചിലേക്ക് മാറ്റാനും ടിടിഇ-യ്ക്ക് അധികാരമുണ്ടായിരിക്കും. കണ്‍ഫേം ടിക്കറ്റുള്ള യാത്രക്കാര്‍ക്ക് യാത്രയ്ക്കിടെ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണിത് എന്ന് നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ക്യാപ്റ്റന്‍ ശശി കിരണ്‍ പറഞ്ഞു. പലപ്പോഴും, വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുള്ള യാത്രക്കാര്‍ സ്ലീപ്പര്‍, എസി കോച്ചുകളില്‍ കയറി കണ്‍ഫേം ടിക്കറ്റുള്ളവരുടെ സീറ്റുകളില്‍ ബലമായി ഇരിക്കാന്‍ ശ്രമിക്കുന്നത് പലപ്പോഴും പ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ട്. കോച്ചുകളില്‍ വെയിറ്റിങ് ലിസ്റ്റ് യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നത് കോച്ചില്‍ വഴി തടസ്സപ്പെടുന്നതിനും യാത്രാബുദ്ധിമുട്ടുകള്‍ നേരിടുന്നതിനും കാരണമാകുന്നുണ്ട്.